LIONAL MESSI

                             ലെയണൽ മെസ്സി 
                              



                       ആദ്യ കാല ജീവിതം
1987 ജൂൺ 24 ന് ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും (ഫാക്ടറി തൊഴിലാളി) സെലിയ മറിയ കുചിറ്റിനിയുടേയും (തൂപ്പുകാരി) മകനായി അർജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത്.ഇറ്റലിയിലെ അൻകോന എന്ന നഗരത്തിൽ നിന്നും 1883 ൽ കുടിയേറിപ്പാർത്തതാണ് മെസ്സിയുടെ പൂർവ്വികനായ ഏയ്ഞ്ചലോ മെസ്സി. അദ്ദേഹത്തിന് റോഡ്രിഗോ എന്നും മത്യാസ് എന്നും പേരുള്ള രണ്ട് ജ്യേഷ്ഠന്മാരുണ്ട്. കൂടാതെ മരിയ സോൾ എന്നു പേരുള്ള ഒരു സഹോദരിയും.അഞ്ചാം വയസ്സിൽ, തന്റെ അച്‌ഛൻ പരിശീലിപ്പിച്ചിരുന്ന ഒരു പ്രാദേശിക ക്ലബ്ബായ ഗ്രൻഡോളിയിൽ ചേർന്ന് മെസ്സി ഫുട്ബോൾ കളിക്കാൻ തുടങ്ങി.1995 ൽ പ്രാദേശിക പട്ടണമായ റൊസാരിയോവിലെ ഒരു ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ ചേർന്നു.11 ആം വയസ്സിൽ അദ്ദേഹത്തിന്റെ വളർച്ചക്കു ആവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു. അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന് മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. എങ്കിലും മാസം തോറും $900 ചെലവാക്കിക്കൊണ്ട് അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.എന്നാൽ ബാർസലോണയുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന കാർലെസ് റെക്സാച്ച് അദ്ദേഹത്തിന്റെ കഴിവിനെ പറ്റി ബോധവാനായിരുന്നു. മെസ്സിയുടെ ബന്ധുക്കൾ സ്പെയിനിലെ കാറ്റലോണിയയിലെ ലെയ്ഡയിൽ ഉണ്ടായിരുന്നു. മെസ്സിയുടെ കളി നിരീക്ഷിച്ചതിനു ശേഷം ബാർസലോണ അദ്ദേഹവുമായി കരാറിലേർപ്പെട്ടു അദ്ദേഹം സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കിൽ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവർ പറഞ്ഞു.ഇതനുസരിച്ച് അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിക്കുകയും അദ്ദേഹം ക്ലബ്ബിന്റെ യൂത്ത് ടീമുകളിൽ കളിച്ച് തുടങ്ങുകയും ചെയ്തു.അദ്ദേഹത്തിന്റെ രണ്ട് ബന്ധുസഹോദരർ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു : മാക്സി ബിനാക്കുച്ചിയും ഇമ്മാനുവൽ ബിനാക്കുച്ചിയും.
ക്ലബ്ബ് ജീവിതം
ബാർസലോണ :
2003 നവംബർ 13 ന് (അപ്പോൾ പ്രായം 16 വർഷവും 145 ദിവസവും) പോർട്ടോയുമായുള്ള സൗഹൃദ മത്സരത്തിലൂടെ മെസ്സി തന്റെ ആദ്യ ഔദ്യോഗിക മത്സരം കളിച്ചു. ഒരു വർഷത്തിനുള്ളിൽ ഫ്രാങ്ക് റൈക്കാർഡ് അദ്ദേഹത്തെ തന്റെ ആദ്യ ലീഗ് മത്സരം കളിക്കാൻ അനുവദിച്ചു. 2004 ഒക്ടോബർ 16 ന് (അപ്പോൾ പ്രായം 17 വർഷവും 114 ദിവസവും) എസ്പാന്യോളിനെതിരെയായിരുന്നു ആ മത്സരം. ആ മത്സരത്തോടു കൂടി ബാർസലോണക്ക് വേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനും ലാ ലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി മെസ്സി മാറി (ഈ റെക്കോർഡ് 2007 സെപ്റ്റംബറിൽ ബാർസലോണയിലെ തന്നെ ബോജൻ ക്രികിച് തകർത്തു). 2005 മെയ് 1 ന് അൽബാസെറ്റെക്കെതിരെ അദ്ദേഹം തന്റെ ആദ്യ ഗോൾ ബാർസലോണക്കായി നേടി. അപ്പോൾ മെസ്സിയുടെ പ്രായം 17 വർഷവും 10 മാസവും 7 ദിവസവുമായിരുന്നു. ബാർസലോണക്കായി ഒരു ലാ ലിഗ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മെസ്സി മാറി. 2007 ൽ മെസ്സിയുടെ സഹായത്തോടെ നേടിയ ഒരു ഗോളിലൂടെ ബോജൻ ക്രികിച് ആ റെക്കോർഡും തകർത്തു. മെസ്സി തന്റെ മുൻ കോച്ചായ റൈക്കാർഡിനെപ്പറ്റി ഇങ്ങനെ പറഞ്ഞു :
“അദ്ദേഹമാണ് എന്റെ കളിജീവിതം തുടങ്ങിവെച്ചത് എന്ന വസ്തുത ഞാനൊരിക്കലും മറക്കില്ല. എന്റെ 16 ഓ 17 ഓ വയസ്സിൽ തന്നെ അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു." .
2005-06 സീസൺ
കരാർ പുതുക്കി. ആ പ്രാവശ്യം അദ്ദേഹത്തെ ഒന്നാം നിര ടീമിലേക്ക് തിരഞ്ഞെടുത്തുകൊണ്ടാണ് കരാർ 2014 ജൂൺ വരെ പുതുക്കിയത്. 2005 സെപ്റ്റംബർ 26 ന് മെസ്സി സ്പാനിഷ് പൗരത്വം നേടി.അതോടെ അദ്ദേഹം ലാ ലിഗയിൽ കളിക്കുന്നതിന് പൂർണ്ണസജ്ജനായി. സെപ്റ്റംബർ 27 ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ്ബായ ഉഡിനീസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വിദേശികളുമായുള്ള കളി.അദ്ദേഹം പകരക്കാരനായി ഇറങ്ങിയപ്പോൾ കാമ്പ് ന്യൂവിലെ ബാർസലോണയുടെ ആരാധകർ എഴുന്നേറ്റുനിന്നുകൊണ്ട് സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റേയും റൊണാൾഡീന്യോവിന്റേയും കൂട്ടുകെട്ട് ആരാധകർക്കൊരു വിരുന്നൊരുക്കി.[30]
മെസ്സി ആ സീസണിൽ 17 മത്സരങ്ങളിൽ നിന്നായി 6 ഗോളുകൾ സ്വന്തമാക്കി. കൂടാതെ 6 ചാമ്പ്യൻസ് ലീഗ് കളികളിൽ നിന്നായി ഒരു ഗോളും നേടി. ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ടിലെ രണ്ടാം പാദത്തിൽ ചെൽസിക്കെതിരായി നടന്ന മത്സരത്തിൽ വലതു തുടയിലെ പേശിക്കുണ്ടായ പരിക്കുമൂലം അദ്ദേഹത്തിന്റെ ആ സീസൺ 2006 മാർച്ച് 7 ന് അവസാനിച്ചു. റൈക്കാർഡിന്റെ ബാർസലോണ ആ സീസണിൽ സ്പെയിനിലേയും യൂറോപ്പിലേയും ജേതാക്കളായിരുന്നു.

2006-07 സീസൺ

2007 ൽ റേഞ്ചേഴ്സിനെതിരെ മെസ്സിയുടെ പ്രകടനം
2006-07 സീസണിൽ മെസ്സി സ്ഥിരമായി ഒന്നാം ടീമിൽ ഇടംപിടിച്ചു തുടങ്ങി. 26 മത്സരങ്ങളിൽ നിന്നായി 14 ഗോളുകൾ മെസ്സി നേടി.നവംബർ 12 ന് റയൽ സരഗോസയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റതുമൂലം അദ്ദേഹത്തിന് മൂന്ന് മാസം നഷ്ടപ്പെട്ടു. അർജന്റീനയിൽ വെച്ച് അദ്ദേഹം സുഖം പ്രാപിച്ചു. പരിക്ക് ഭേദപ്പെട്ടതിനു ശേഷമുള്ള ആദ്യ മത്സരം ഫെബ്രുവരി 11 ന് റേസിംഗ് സന്റാൻഡറിനെതിരെ ആയിരുന്നു. ആ മത്സരത്തിൽ അദ്ദേഹം രണ്ടാം പകുതിയിൽ ഒരു പകരക്കാരനായാണ് കളിക്കാനിറങ്ങിയത്. മാർച്ച് 11 ന് നടന്ന ക്ലാസിക്ക് മത്സരത്തിൽ മെസ്സി വളരെ നല്ല നിലവാരത്തിലാണ് കളിച്ചത്. 10 പേരായി ചുരുങ്ങിയ ബാർസലോണക്ക് അദ്ദേഹം തന്റെ ഹാട്രിക്കിലൂടെ സമനില നേടിക്കൊടുത്തു. അദ്ദേഹം നേടിയ മൂന്നു ഗോളുകളും സമനില ഗോളുകളായിരുന്നു (Equalisers).അതിലെത്തന്നെ അവസാനത്തെ ഗോൾ ഇഞ്ച്വറി ടൈമിലായിരുന്നു നേടിയത്. ഇതിലൂടെ, ക്ലാസ്സിക്ക് മത്സരത്തിൽ ഇവാൻ സമോറാനോക്ക് ശേഷം (1994-95 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി) ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മെസ്സി തന്നെയാണ്. സീസണിന്റെ അവസാനത്തോടു കൂടി അദ്ദേഹം കൂടുതൽ ഗോളുകൾ നേടാൻ തുടങ്ങി. ലീഗിൽ അദ്ദേഹം നേടിയ 14 ഗോളുകളിൽ 11 ഗോളുകളും അവസാന 13 മത്സരങ്ങളിൽ നിന്നാണ്.
പുതിയ മറഡോണ എന്ന പേര് അദ്ദേഹത്തിന് ചാർത്തി നൽകപ്പെട്ടു. ഒരേയൊരു സീസണിനുള്ളിൽ തന്നെ മറഡോണയുടെ പ്രശസ്തമായ പല ഗോളുകളും പുനഃസൃഷ്ടിച്ചത് അതിനൊരു കാരണമായി. 2007 ഏപ്രിൽ 18 ന് കോപ്പ ദെൽ റെയ് സെമി ഫൈനൽ മത്സരത്തിൽ ഗെറ്റാഫെക്കെതിരെ അദ്ദേഹം 2 ഗോളുകൾ നേടി. മെക്സിക്കോയിൽ വെച്ച് നടന്ന 1986 ലെ ഫുട്ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിനോട് (നൂറ്റാണ്ടിന്റെ ഗോൾ എന്നും അറിയപ്പെടുന്നു) വളരെയധികം സാമ്യമുള്ളവയായിരുന്നു അവ. ഇതിലൂടെ മെസ്സി മറഡോണയുമായി വളരെയധികം താരതമ്യം ചെയ്യപ്പെട്ടു. സ്പാനിഷ് പത്രങ്ങൾ മെസ്സിയെ മെസ്സിഡോണ എന്ന് വിളിച്ചു.അദ്ദേഹം ആ ഗോളിനിടയിൽ 62 മീറ്ററുകൾ (203 അടികൾ) തന്നെ ഓടി, 6 കളിക്കാരെ (ഗോളിയടക്കം) തന്നെ കബളിപ്പിച്ചു, ഒരേ സ്ഥാനത്തുനിന്നു തന്നെ നിറയൊഴിച്ചു, ആഹ്ലാദസമയത്ത്, 21 വർഷങ്ങൾക്കു മുമ്പ് മെക്സിക്കോയിൽ മറഡോണ ചെയ്തതുപോലെ കോർണർ പതാകക്കടുത്തേക്ക് ഓടി. മത്സരത്തിനു ശേഷം പത്രസമ്മേളനത്തിൽ സഹകളിക്കാരനായ ഡെക്കോ പറഞ്ഞു : "എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച ഗോളാണ് അത്." 1986 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ മറഡോണ നേടിയ ദൈവത്തിന്റെ കൈ എന്ന് പ്രശസ്തമായ ഗോളിനോട് സമാനമായ ഒരു ഗോൾ മെസ്സി എസ്പാന്യോളിനെതിരെ നേടി. മെസ്സി പന്തിനായി കുതിക്കുകയും ഗോളിയായ കാർലോസ് കമേനിയെ കബളിപ്പിച്ച് ആ പന്ത് സ്വന്തം കൈകൊണ്ട് വലയിലേക്ക് തട്ടിയിടുകയുമാണ് ചെയ്തത്. അത് ശരിയായ ഒരു ഹാൻഡ്ബോൾ ആണെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നെങ്കിലും ഗോൾ നൽകപ്പെട്ടു.



Share this:

CONVERSATION

0 comments:

Post a Comment